കുളത്തൂപ്പുഴ: മലയോര ഹൈവേയില്‍ നിയന്ത്രണംവിട്ട വാഹനം പാതയോരത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം മുന്നോടെ മടത്തറ-കുളത്തൂപ്പുഴ പാതയില്‍ കണ്ടന്‍ചിറ വലിയ വളവിലായിരുന്നു അപകടം. വളവു തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പാതയോരത്ത് 11 കെവിയുടെ ഇരുമ്പ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഏതാനും ദിവസം മുമ്പ് വാങ്ങിയ പുതിയ വാഹനമാണ് അപകടത്തില്‍പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. വാഹനം ഓടിച്ചിരുന്ന പ്രവീണിനെ നിസാര പരിക്കുകളോടെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്തു കൂടെയാണ് കല്ലടയാര്‍ ഒഴുകുന്നത്. നിയന്ത്രണംവിട്ട വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുളത്തൂപ്പുഴ പോലീസ് കേസെടുത്തു.